ബിംബശുദ്ധികലശം 1-21
ധ്യാനാധിവാസത്തിനൊരറ്റ നാളു
മുന്നം വടക്കായ് സ്ഥലശുദ്ധി ചെയ്ത്
മെനഞ്ഞിടൂ സപ്തദശാഖ്യപദ്മം
ശ്രീനാഥനന്യർക്കതു രന്ധ്രഖണ്ഡം 1
നാൽപ്പാമരം കൂവളമാവശോകം
നീപാർജ്ജുനം ചമ്പകമോടിലഞ്ഞി
നൽപ്ലാശുമാം പാദപപല്ലവങ്ങ-
ളർപ്പിക്കണം ദൈവികവഹ്നികോണിൽ 2
ഗോരോചനം പതിമുകോഭയചന്ദനങ്ങൾ
നന്ദീകുരുക്കുത്തി മുളച്ചദർഭ
ദൂർവ്വാദളം പിച്ചകസർഷപങ്ങൾ
നിറക്കണം കന്നി വരുന്ന കോണിൽ 3
സ്വർണ്ണം യവം നെല്ലു തിലംദ്വികൂല-
മൺരൂപ്യകം ചാണി മരുത്തിൽ വഹ്നി
കഞ്ഞുണ്ണിശൂലീൽശതമൂലിയിഞ്ചീ
ക്രാന്തീ സഹാ ചിറ്റമൃതും കവിട്ടേം 4
ഫലം പടിഞ്ഞാറിനി തെക്കു ഗവ്യം
ക്വാഥം കിഴക്കുത്തരയായദിക്കിൽ
വയമ്പുമാനച്ചുവടും ചറൂളേം
കുമാരിയും ചിറ്റമൃതും ഗുളൂചീം 5
വല്യേ ചെറ്യേ വഴ്തിനകൾ നിറയ്ക്കാം
മദ്ധ്യത്തിൽ വാൽമീകമൃദേഴിടത്തെ
ആദ്യാദി സോമായ വനസ്പതിയ്ക്ക-
ങ്ങന്ത്യത്തിലന്തർഗ്ഗതി ങേ നമസ്സും 6
അകത്തു ചേർക്കൂ മനുവൊമ്പതിന്നും
ദിക്കോൺനടുക്കെട്ടുമണത്തിൽ മൂലം
ബാക്കിക്കു തണ്ണീരതിനർക്കവർണ്ണം
വൈകുണ്ഠവാസിക്കിതു ബിംബശുദ്ധി 7
പ്രാക്കിൽ കഷായം പുഷാഖ്യനാലും
തെക്കഞ്ചുഗവ്യങ്ങളഘോരനാലും
നീർക്കയ്യനിൽ ചാരമജാഖ്യനാലു
മാർക്കിക്കെതിർ മൃത്തിക വാമനാലും 8
ഹൃത്താലെയഗ്നീൽ പശുവിൻറെ മൂത്രം
യാതുസ്ഥലത്തായ് ശിഖയാലെ ദുഗ്ധം
നൽത്തൈരു കാറ്റിൽ കവചത്തിനാലും
അന്താന്തകങ്കൽ കുശയും ശിരസ്സാൽ 9
ഈശാനനാൽ ഗന്ധജലം നടുക്കും
ഈശന്നു മന്ത്രദ്രവിണക്രമങ്ങൾ
ദേശിച്ചു. കോണിൽ പറയുന്നൊരംഗ-
മീശാദിയഞ്ചിന്നു വിധിച്ചതാകും 10
മൃത്ക്വാഥഗോമൂത്രകചാണിദുഗധം
മദ്ധ്യത്തിലുംദിക്കിലുമായ് നിറക്ക
ദദ്ധ്യാജ്യകം ഗവ്യകഗന്ധതോയ-
മഗ്ന്യാദിയയ്യപ്പനു മൂലമോതി 11
ഗവ്യങ്ങളോരോന്നു വലത്തു വയ്ക്കു-
മായത്തിലായിട്ടു കിഴക്കുമുമ്പായ്
മദ്ധ്യാന്തമായ് മണ്ണു കഷായം രത്ന-
മാര്യക്കു ഗന്ധം മനുവോ സ്വമൂലം 12
ദ്വിപാസ്യനും പാദ്യകമർഘ്യഗവ്യം
പൈംപാൽ വലം ചുറ്റി മുടിപ്പതുള്ളിൽ
അർപ്പിക്കണം തൈരു കഷായമൃത്തു-
മൊപ്പം കുശാഗന്ധമിവക്കു മൂലം 13
ഇദ്ധ്മാശിജങ്കൽ കുശഗവ്യദൗർവീ
സിദ്ധാർത്ഥമൃദ്രത്നസുശുദ്ധവാരി
ഗന്ധം നിറയ്ക്കാൻ നിജമൂലമന്ത്രം
മദ്ധ്യാദിയാശാവിദിശാക്രമത്തിൽ 14
മൃത്ക്വാഥകം ഗവ്യകമഞ്ചുവേറേ
രത്നോദസർവ്വൗഷധിയുള്ളിലാദ്യം
അത്താരിതൾദിക്കുവിദിക്കുമായാ-
പ്പന്തിപ്പുറത്തും ദിശയും വിദിക്കും 15
ഹേമം പുറമ്പന്തിയിലുള്ളഖണ്ഡ-
ബ്രഹ്മങ്കലന്യം നറുഗന്ധനീരാൽ
ലക്ഷ്മീശഗൗരീപതിയിൽ. നിറയ്ക്കാൻ
തന്മൂലമാകുന്നൊരു മന്ത്രമല്ലോ 16
കാളിക്കു രത്നാഷ്ടകമഷ്ടഗന്ധ-
മുള്ളിൽ നടുക്കായ് നിജവിദ്യകൊണ്ട്
കൊള്ളൂഭയങ്ങൾ നടുവിൽ പറഞ്ഞി-
ട്ടുള്ളൂഭയത്തിൽ ദിശയിൽ വിദിക്കിൽ 17
കർപ്പൂരകം ചന്ദനരക്തകങ്ങൾ
ഗോരോചനം കാപ്യകമാംസിനാമ്നീ
കച്ചൂരമൂലാകിലുമെട്ടു ഗന്ധം
കാളിക്കു ചൊൽവൂ മതിയേറെയുള്ളോർ 18
വജ്രാഖ്യമുക്താമണിശംഖരാഗം
നൽസ്ഫാടികം പുഷ്യകമേദകാഖ്യം
കാളിക്കു രത്നാഷ്ടകമശ്മഗർഭം
പുറത്തു മന്ത്രത്തിനു പക്ഷമുണ്ട്. 19
ബ്രാഹ്മ്യാദിയാൽ ദൈവികദിഗ്വിദിക്കിൽ
ലക്ഷ്മ്യന്തമെട്ടാലെ നിറച്ചിടുമ്പോൾ
കൗമാരി വന്നീടുമവാക്കിലെന്നാം
ക്രമത്തിലാണെന്നു ഗുരൂപദേശം 20
പറഞ്ഞ മന്ത്രങ്ങളെയൊന്നു വിട്ടു
നിറക്കവേ ചൊന്നതുപോലെയാകും
മറിച്ചു മന്ത്രക്രമമേയെടുത്താൽ
വരുന്നു മാഹേശ്വരി തെക്കു ദിക്കിൽ 21
Comments
Post a Comment