ബിംബപരിഗ്രഹം 1-24

 


മണ്ണലോ ദാരുവാലോ പ്രതികൃതി സുശിലാലോഹരത്നങ്ങളാലോ

കണ്ണിന്നാനന്ദമേകും വടിവിലഴകിനാൽ സൃഷ്ടിചെയ്തന്നു വന്നാൽ

കണ്ണിന്നുല്ലേഖനം ചെയ്തതധിവസനദിനത്തിൻറെ മുന്നെ ക്രമത്താൽ. 

തണ്ണീർക്കുള്ളിൽ കിടത്തൂ മുനിശരഗുണഭൂമ്യർദ്ധമാകും ദിനങ്ങൾ 1


അന്നാളിൽ സൂര്യനസ്തംഗിരിയുടെയരികിൽ പോകുവാനായ് തിരിക്കേ 

നന്നായീശൻറെ കോണിൽ പ്രതിമ പകരുവാൻ മണ്ഡപം തീർത്തണിഞ്ഞ്

വിഘ്നേശന്നിജ്യ ചെയ്താൽ കനകതളികയിൽ ചേർക്ക സർപ്പിസ്സുതേനും

പിന്നീടാ ശോധനോക്തദ്രവിണനിചയവും വെച്ചു ചാതിക്കവേണം 2


വാദ്യം ഘോഷിക്കേ ദീപം നിറപറയിവയാലർച്ചയേ മണ്ഡപത്തിൽ

ശയ്യാപദ്മത്തിലേയ്ക്കായ് ഹൃദയനതികലർന്നാദരിച്ചാനയിക്ക

ആയേയ്ക്കാമമ്പലത്തിൽ നടയുടെ തുറവങ്ങേതു ദിക്കിൽ തിരിഞ്ഞും

ശയ്യയ്ക്കഗ്രം കിഴക്കെന്നറികയെവിടയും കോവിൽനോക്കിക്കിടത്താൻ 3


ചാരെച്ചെന്നാൽ തളിപ്പു കനകകൃതകമാം സൂചിയാൽ മാക്ഷികാജ്യം 

കോരിക്കൺകീറിയിട്ടായിമകളെഴുതിടു താരതേജസ്സു ചേർത്ത്. 

വസ്ത്രത്താൽ മൂടിയിട്ടാ സ്ഥപതി വിരവിനാൽ കൺതുറന്നാൽ തളിച്ചാ

നേത്രത്തിൽ മാക്ഷികാജ്യം പകരുക നയനം പൂർണ്ണമാകുന്നപോലെ 4


സൃഷ്ടിക്കും ലോകമെല്ലാം സ്ഥിതിയിലമരുവാൻ ശ്രീഹരിക്കേകിടുമ്പോൽ

സൃഷ്ടിച്ചുള്ളോരു ബിംബം പരിചരണവിധാനത്തിനാൽ രക്ഷ ചെയ്വാൻ

നീട്ടീടും കാരുവര്യൻ വിധിയുടെ വടിവായുള്ളൊരാളെന്ന ഭാവ-

ങ്കൊണ്ടേറ്റം ദ്രവ്യവസ്ത്രാദരവചനമുഖത്താലെയജ്വാവെജിക്ക 5


സ്ഥാപിക്കുമ്പോലെ ബിംബം സ്ഥപതി വിരവിനാൽ ഭദ്രപീഠത്തിൽ വെച്ചാ-

ലപ്പോൾ തോളിൽ ഗ്രഹിപ്പൂ ഗൃഹപതിയിടതേകയ്യു താഴേ വരുമ്പോൽ

അപ്പാണിപ്പാടിളക്കം വരുവതിനിടനൽകാതെ പിന്നിൽ തിരിഞ്ഞാ-

ലപ്പോളാപാദചൂഡം പ്രണവമനുവിനാൽ നോക്കണം ദേശികേന്ദ്രൻ 6


പുല്ലും കൈയ്യിൽ പിടിച്ചിട്ടഭിവദനവിധാത്തിലാദ്യം പ്ലുതത്താൽ

ചൊല്ലീട്ടാ പാദയുഗ്മം ദരവരനിനദത്തിൻറെയൊപ്പം ഗ്രഹിച്ച്

ചൊല്ലാൻ പോകുന്നപോലാ ദ്രവിണനികരശുദ്ധിക്കു ശേഷം ജലത്താൽ

നല്ലോണം സ്നാപനം ചെയ്തതതിനുടെയൊടുവിൽ ചന്ദനം പൂവ്വു ചാർത്താം 7 


സേനാനിക്കും ശിവന്നും പ്രതികൃതി ശയനത്തിങ്കലെത്തിക്കഴിഞ്ഞാൽ 

പിന്നെപ്പയ്യിൻറെ നെയ്യും കടുകുമിടകലർന്നുള്ള പാൽപ്പായസത്താൽ

അന്നാ ദേവൻറെ ബേരം പരിചിനൊടരുകിൽ കണ്ടു വന്ദിക്കുവാനായ്

വന്നീടും ദേവതാദിക്കുചിതമനുവിനാൽ തൂകണം വേണ്ടുവോളം. 8


മൂർദ്ധാവിൽ ശുഭ്രപുഷ്പം കടുകിവയണിയച്ചാർദ്രമാലേയസൂത്രം 

സ്വാധാനം ചെയ്കവേണം സുരചിതമണിരേഖാഖ്യയിൽ ധൂർജ്ജടിക്ക്. 9

മധ്വാദ്യം കൊണ്ടു ചിഹ്നം വരകളുമെഴുതേ ശില്പികാര്യം തുടങ്ങാ-

മൂധസ്വം ചേർക്കവേണം  ഹരിഹരതനുവിൽമാക്ഷികാജ്യങ്ങളോടെ 10


നീർദർഭാധേനുവാൽനൈപൊടികടലജലം വിഷ്ണുവിൽ ശുദ്ധി ചെയ്വാൻ 

നൈതേൻപുൽമണ്ണുഭസ്മം പൊടിമണമലിയും നീരു ഗംഗാധരന്നും

നീർതേൻനൈത്വക്കുദർഭാമൃദജിതഹരനും വെള്ളവും ചേർന്നമട്ടായ്

ദുർഗ്ഗക്കോ വിഷ്ണുവിങ്കൽ പറവതിനിടയിൽ തേനു നെയ്യിന്നുമുന്നേ 11


ദർഭാമൃത്വക്കുനീരും പശുവിനുടയവാൽ നെയ്യു മാസൂരചാണി

സ്കന്ദന്നും കുഞ്ജരാസ്യന്നുദിതമിവജലം മൃത്തുദർഭാജലങ്ങൾ 

തേൻനൈമാസൂരചൂർണ്ണം ഹരിഹരസുതനിൽ നീരുദർഭാകുശങ്ങൾ മൃദ്വൽക്കംഗവ്യശാലീയരവുകൾ ജലവും ശൈവമാക്കാളിയിങ്കൽ 12 


രാത്രീഗോധൂമനെൽകൾ യവചെറുപയർകൾ തങ്കവും ചേർന്നചൂർണ്ണം

ഗൗരീശങ്കൽ, കഥിക്കും ദ്രവിണമഖിലവും സേകമോതുന്നിടത്ത്.

ബേരാഗ്രത്തിങ്കൽ ദുർഗ്ഗാഹരിശരഭവരിൽ സപ്തഭൂരാദികൊണ്ട-

ങ്ങോരോനൂറ്റെട്ടു ഹോമം ശമിയിലഘൃതമോടക്ഷതം ചേർത്തു ചെയ്ക. 13


അബ്ജാക്ഷങ്കൽ ജിനാർണ്ണം സമുചിതമിവിടെപ്പൂർണ്ണമാമാഹുതിക്കായ്

പജ്ജാനൂഗുഹ്യനാഭീഹൃദയസരസിജം കം ശിഖാഖ്യങ്ങളേഴിൽ

തജ്ജം സമ്പാതമെല്ലാം പകരുക സകലാംഗങ്ങളും വേണ്ടവണ്ണം

സജ്ജം താനായിടാനായുലകിതുമുഴുവൻ രൂപമാമീശ്വരന്ന് 14


കെട്ടൂ  ക്രൗഞ്ചാരിദുർഗ്ഗാഹരിഹരഗണപന്മാർക്കു ഹോമം കഴിഞ്ഞും

കെട്ടാം.ദുർഗ്ഗയ്ക്കു കാപ്പിങ്ങജിതശിവകളിൽ വാരിവാസം കഴിഞ്ഞാൽ

നെറ്റിക്കണ്ണന്നു ബിംബം പണിയുകിലതിനും ബിംബകുംഭങ്ങളെല്ലാ-

മാടീട്ടാര്യന്നു കുംഭസ്നപനവിധിയിലും മുന്നെയായിട്ടു വേണം 15


ഉള്ളിൽ പുല്ലുള്ളവണ്ണം കരയുഗമുകുളം കൂപ്പി നിന്നേ സ്തുതിച്ചാ-

ലുള്ളിൽ ഗാംഗേയമുക്താകടുകുകൾ നിറയും പട്ടു കെട്ടൂർണ്ണനൂലാൽ

ഭൂർള്ളോകം തൊട്ടു മേലേവരുമുലകസമം സംഖ്യയായംഗുലീയം

കൊള്ളാൻകൊള്ളുന്നതും ചേർത്തിരുപെരുവിരലാൽ ചുറ്റി ബന്ധിച്ചിടേണം 16


ക്രൗഞ്ചാരിക്കൂപചാരം പ്രണവപുടിതമായ്ശ്രീഹരിക്കൂപചാരം

പശ്ചാത്തായ്മൂലമന്ത്രം ഹരിഹരഗണപപ്രേതസംസ്ഥർക്കു മൂലം 

അച്ചക്രം ദൂർഗ്ഗയാൾക്കും ഹരിഹരസുതനിൽ ബീജമന്ത്രത്തിനാലി- 

ങ്ങർച്ചയ്ക്കായ് മംഗളത്തെ പകരുമിതിനുരയ്ക്കുന്ന മന്ത്രങ്ങളാകും 17



ബ്രഹ്മാണ്ഡത്തിൻറെ നേരാം പ്രതികൃതിയിതിനായ് ചെയ്ക നീരാജനത്തെ

ക്ഷൗമാദ്യം കൊണ്ടു മൂടീട്ടകതളിരുണരുമ്പോലെ വാദ്യം മുഴങ്ങേ

ബ്രഹ്മാണ്ഡം കാരണാഖ്യോദകനിധിയതിലായ് വാണപോലെക്കിടക്കാൻ

സമ്മാനിച്ചാനയിക്കാമമൃതിനുസമമാം നീർനിറഞ്ഞോരിടത്തിൽ 18


തീരത്തിൽ വെച്ചു നീരിൽ പവനവിധിജലദ്രോണിപൂജാദിചെയ്താൽ

ചേരും ബീജം നമസ്സും പൃഥിവിമുതലതിന്നൊത്തഭൂതാത്മഹുംഫൾ

ചേരുമ്പോൽ ചേർത്തു വേണ്ടും പവനനിയമനം കൊണ്ടു മേലുള്ളതിൽ താൻ 

ഓരോ ഭൂതം ലയിച്ചാൽ പവനദഹനമാം വിത്തിനാൽ ചിത്തുമാക്കൂ 19


മാർക്കണ്ഡേയൻറ കാണൽ പ്രചുരതപകരും ദാരുഖണ്ഡത്തിലബ്ജം ഔ

തീർക്കേണം നീരിൽ ബിംബം പരിചിനൊടുകിടത്തീടുവാൻ പൂജയാലെ 

വയ്ക്കേണം പൂർവ്വദിക്കിൽ തലയുടെ നിലയായോമ്പ്ലുതത്താൽ യജിപ്പൂ

കാക്കാനായ് പഞ്ചതത്വം നിജനിജവിഹിതാസ്ത്രേന്ദ്രവജ്രാദിയേരും 20


കത്തിത്തീരാതെ തീയ്യും മിഴിയിണയിമ ചിമ്മാതെ കാത്തീടുമാളും

കത്തിക്കൊണ്ടേയിരിക്കും തിരികളമൊഴിയാതങ്ങു നിന്നീടവേണം

മൃത്തും ചായങ്ങൾ താനും മരവുതുവിധം വെള്ളമേറ്റാൽ നശിക്കും

വസ്തുക്കൾ കൊണ്ടു ബിംബം പണിയുകിലവിടേയ്ക്കേകബേരത്വമാകാ. 21


കണ്ണാടിക്കുള്ളിലുണ്ടാം പ്രതിഫലനമിതിൽ മാക്ഷികാജ്യങ്ങളലേ

കണ്ണുണ്ടാക്കിക്കൊടുത്താൽ പ്രതിമയിൽ മെനവൂ കണ്ണുകൾ ശിൽപിവര്യൻ.

കണ്ണാടിക്കുള്ളിലേ താൻ മധുഘൃതനയനാപൂരണം, ശോധനത്തിൽ

തണ്ണീർ തേൻ നെയ്യു ചൂർണ്ണം പ്രഭൃതികളഖിലം ദർപ്പണത്തിൽ തന്നെ വേണം 22


ബിംബത്തിൽ തന്നെയാകാം തൃണയുഗപശുവാലങ്ങൾ, സമ്പാതസർപ്പി-

സ്സംബുസ്ഥാനാധിവാസം യുഗളമിവയുമാദർപ്പണച്ഛായയിൽ താൻ

ബിംബത്തോടൊത്തു പൂജാപ്രതികൃതിമുതലായുള്ളതെല്ലാം ഗ്രഹിക്കാം

ബിംബദ്രവ്യത്തിനൊത്തേയുദകനിവസനത്തിന്നു നാൾനോക്കവേണ്ടൂ  23


നീക്കാൻ പറ്റാത്ത വണ്ണം പ്രതികൃതി വലുതാണെങ്കിലാദ്യത്തിലേ താൻ

വയ്ക്കേണം സ്വാലയത്തിൽ വിരവിലവിടയേയേറ്റുവാങ്ങീടവേണം

വയ്ക്കൂ ബിംബം ഗ്രഹിച്ചാലധിവസനദിനത്തോളവും ബാക്കി ചെയ്വാൻ

നീർക്കങ്ങുള്ളിൽ കിടത്തൽ കലശജലനിഷേചത്തിനാൽ സാദ്ധ്യമാക്കാം 24


Comments

Popular posts from this blog

പ്രാസാദശുദ്ധി

മുളയിടൽ 1 - 20